കോടിയേരിയുടെ മകനായത് കൊണ്ട് വേട്ടയാടുന്നു, ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ബിനീഷ്

ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോ‌ടതിയിൽ. ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷയിൽ ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ഇഡിക്കെതിരേ ബിനീഷ് രംഗത്തെത്തിയത്.

കോടിയേരി ബാലകൃഷ്ണനോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയാണ് തന്നെ വേട്ടയാടുന്നതിന് പിന്നിൽ. നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ് തന്‍റെ അക്കൗണ്ടിലെത്തിയതെന്നും ബിനീഷ് പറഞ്ഞു. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. ബിസിനസിന്‍റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന അനധികൃത പണമെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നത്.