പറഞ്ഞിട്ടും പോലീസ് നന്നാവുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരേ വീണ്ടും ഹൈക്കോടതി വിമർശനം. എത്രപറഞ്ഞിട്ടും പോലീസിന്റെ പെരുമാറ്റരീതി മാറുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഒരു നൂറ്റാണ്ട് മുമ്പുള്ള കൊളോണിയൽ രീതിയാണിപ്പോഴും പോലീസിന്. പരിഷ്‌കൃത ഭാഷയും മര്യാദയോടെയുള്ള പെരുമാറ്റവും ഇപ്പോഴും പോലീസിന് അന്യമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

തന്നോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം നെടുംപന കമ്യൂണിറ്റി ഹെൽത്ത് സെന്റർ സിവിൽ സർജൻ ഡോ. നെബു ജോൺ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ജൂൺ ആറിനു വൈകീട്ട് വീട്ടിലേക്കു പോകുമ്പോൾ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയകുമാറാണ് ഡോക്ടറോട് മോശമായി പെരുമാറിയത്.

ഇതിനെതിരേ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്കും സൗത്ത് സോൺ ഐ.ജി.ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. ഇതിൽ കോടതി വിശദീകരണം തേടിയപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ശരിയായ അന്വേഷണംനടത്തി സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി ഒക്ടോബർ ആദ്യവാരം പരിഗണിക്കാൻ മാറ്റി.