മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അം​ഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

KL01 CD 4857 , KL01 CD 4764 എന്നീ നമ്പരുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ‍ഡ്യൂട്ടിക്കായി ഉപയോ​ഗിച്ചിരുന്നത്. ഈ കാറുകൾ ഇനി മുതൽ ഈ ഉപയോ​ഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പൊലീസ് മേധാവി കത്ത് നൽകിയത്. പൊലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരി​ഗണിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

പൈലറ്റ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവച്ചുവെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.