സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. കോറം സ്വദേശിനി സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍തൃപിതാവ് ചേനോത്ത് പി. രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് രവീന്ദ്രനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ സുനിഷയുടെ ഭര്‍ത്താവ് വിജേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് 29-നാണ് സുനിഷയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സുനിഷയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. പിന്നാലെയാണ് ഭര്‍ത്താവ് വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ വിജേഷിന്റെ മാതാപിതാക്കളെയും പിന്നീട് പ്രതിചേര്‍ക്കുകയായിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് വിജേഷും സുനിഷയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും അകല്‍ച്ചയിലായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് സുനിഷ സ്വന്തം വീട്ടുകാരുമായി അടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിനിടെ സുനിഷയക്ക് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് അമ്മ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഓഗസ്റ്റ് അഞ്ചിന് നല്‍കിയ ഈ പരാതിയില്‍ ഇരുവീട്ടുകാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പീഡനത്തെക്കുറിച്ച് സുനിഷ സ്റ്റേഷനില്‍ സംസാരിച്ചിട്ടില്ലെന്നും സുനിഷയെ വീട്ടിലേക്ക് കൂട്ടാന്‍ സ്വന്തം വീട്ടുകാര്‍ തയ്യാറായില്ലെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.