മികവിന്റെ മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍


· കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും
· കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും
· അന്താരാഷ്ട – ദേശീയ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി നിയമിക്കും
.

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മികവിന്റെ കായിക കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മെഡലുകള്‍ തേടിപോകുന്നതില്‍ നിന്നു മാറി മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മലപ്പുറത്ത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കളിക്കളങ്ങളേയും കായിക താരങ്ങളേയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ കായികയിനങ്ങളുടെയും ശാക്തീകരണം ഉറപ്പാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ കായിക പഠനം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും. കായിക പഠനം കുറ്റമറ്റതാക്കാന്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കും. കായിക താരങ്ങള്‍ക്ക് ഇതിലൂടെ മികച്ച തൊഴിലവസരം സൃഷ്ടിക്കും. കായിക രംഗത്തെ സമഗ്ര പുരോഗതിക്കായി തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളാണ് ഇതിനു നേതൃത്വം നല്‍കുക. കായിക രംഗത്തെ ശാക്തീകരണത്തിനായി അന്താരാഷ്ട്ര – ദേശീയ തലത്തില്‍ മത്സരിച്ച കായിക താരങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട അര്‍ഹരായ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി പുതിയ തസ്തിക സൃഷ്ടിച്ചു നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക മേഖലയുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. അടുത്ത സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കു തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ സ്ഥാപിച്ചു വരികയാണ്. സംസ്ഥാനത്ത് 58 സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ആരോഗ്യകരമായ പൊതു സമൂഹ സൃഷ്ടിക്ക് കായിക പരിശീലനത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍മാരായ കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെ മന്ത്രി വി. അബ്ദുറഹിമാന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച ഫുട്ബോള്‍ പ്രതിഭയ്ക്കുള്ള മൊയ്തീന്‍കുട്ടി പുരസ്‌ക്കാര ജേതാവ് ആഷിഖ് കുരുണിയനു വേണ്ടി പിതാവ് അസൈന്‍ ഏറ്റുവാങ്ങി. മികച്ച കായിക പ്രതിഭയ്ക്കുള്ള പി.കെ. ജയപ്രകാശ് പുരസ്‌ക്കാരം പി.കെ. മുഹമ്മദ് ഹനാനും മികച്ച കായിക പരിശീലകനുള്ള ഡോ. കെ. ആലിക്കുട്ടി സ്മാരക പുരസ്‌ക്കാരം വി.പി സുധീറിനും മന്ത്രി സമ്മാനിച്ചു. മുന്‍ ദേശീയ ഫുട്ബോള്‍ താരം യു. ഷറഫലി അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. അന്താരാഷ്ട്ര ഒളിമ്പിക് ദിനം, ടോകിയോ ഒളിമ്പിക്സ്, ദേശീയ കായിക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ഒളിമ്പിക് അസോസിയേഷനും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ കായിക താരങ്ങളെ പരിചയപ്പെടുത്തി. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, മുന്‍ ദേശീയ ഫുട്ബോള്‍ താരം യു. ഷറഫലി, ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഉപാധ്യക്ഷന്‍ എസ്. മുരളീധരന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ വി.പി. അനില്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് യു.തിലകന്‍, സെക്രട്ടറി പി. ഋഷികേശ് കുമാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ. മനോഹരകുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ടി. മുരുകരാജ് എന്നിവര്‍ പങ്കെടുത്തു.