കാക്കനാട് ലഹരിമരുന്ന് വേട്ട; പ്രതികള്‍ക്ക് വിദേശബന്ധം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പിടിയിലായവര്‍ക്ക് വിദേശ ബന്ധം. മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതികളില്‍ പലരുടെയും ഫോണുകളിലേക്ക് ശ്രീലങ്കന്‍ നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നതായി എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്നടക്കം പണം എത്തിയതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍.

കടല്‍ വഴി കേരള- തമിഴ്‌നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് മുമ്പ തന്നെ ഇന്റലിജന്‍സും എന്‍സിബിയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കാക്കനാട് മയക്കുമരുന്നു കേസില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ശ്രീലങ്കയിലെ ഏത് ഗ്രൂപ്പാണ് ലഹരിസംഘത്തെ നിയന്ത്രിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രിപ്ലിക്കെയിന്‍ സംഘത്തിന്റെ ഏജന്റുമാരുടെ ഫോണ്‍ നമ്പറുകള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ എത്തി ഇവരെ പിടികൂടണമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അടക്കം സഹകരണം വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.