കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക് ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയയാള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ (ചിന്നന്‍ ബഷീര്‍ -47) നെയാണ് ബംഗളൂരുവില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ച് കൊടുവള്ളിയിലേക്ക് കുഴല്‍പണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബഷീറെന്നും സേട്ടുമാരില്‍നിന്നു പണം വാങ്ങി കൊടുവള്ളിയിലെത്തിക്കാന്‍ ഒരു സംഘം തന്നെ ഇയാളുടെ കീഴിലുണ്ടെന്നും പൊലിസ് പറയുന്നു.

ഒരു ലക്ഷം രൂപയ്ക്ക് 100 രൂപയാണ ഇയാളുടെ കമ്മിഷന്‍. പൊലിസ് പിടികൂടുന്ന ആളുകളെ ജാമ്യത്തിലിറക്കാനും ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യം ചെയ്യുന്നതിന് ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതോടെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 46 ആയി.