മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും; മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് ആരെങ്കിലും എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറയുന്നു.

തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനഃപൂര്‍വമാണെന്നും അതിനെ കൂട്ടക്കൊലയെന്ന് തന്നെ പറയണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും വ്യത്യസ്തവിഭാഗം ആളുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.