‘റമ്മി കളിക്കാം’ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന റമ്മി നിയമവിരുദ്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. വിവിധ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ ഭേദഗതി വരുത്തിയാണ് സർക്കാർ പണം നൽകിയുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത് എന്നാൽ ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കോടിതിയെ സമീപിച്ചത്. റമ്മി കഴിവ് ഉപയോഗിച്ചു കളിക്കുന്ന ഗെയിം ആണെന്നായിരുന്നു ഹരജിക്കാരുടെ വാദം.