സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം

കോഴിക്കോട്: പൊലീസ് സ്റ്റേഷന് തൊട്ടുടുത്തുള്ള സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തുളള ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡിന്റെ ഫ്രാഞ്ചൈസി ഓഫീസിലാണ് ചെങ്കൊടികളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തിയത്. ഓഫീസ് അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് പന്ത്രണ്ടോളം പേർ ഓഫീസിനുളളിലേക്ക് അതിക്രമിച്ചു കയറിയത്. തങ്ങളുടെ ആവശ്യത്തിന് ജീവനക്കാർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ അവർ അക്രമാസക്തരാവുകായിരുന്നു. സാധനങ്ങൾ വാരിവലിച്ചിടാൻ ശ്രമിച്ച സംഘം കൊടികെട്ടിയ വടികൊണ്ട് ജീവനക്കാരെ മർദ്ദിക്കാനും ശ്രമിച്ചു. വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപണമുണ്ട്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകി. അതിനിടെ ജീവനക്കാർക്കെതിരെ ഹർത്താൽ അനുകൂലികളും നടക്കാവ് പൊലീസിൽ പരാതി നൽകി. രണ്ടുപരാതിയിലും പൊലീസ് കേസെടുത്തിട്ടില്ല. സംഭവം സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കാൻ സി പി എം നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഹർത്താലിൽ അക്രമസംഭങ്ങൾ അരങ്ങേറില്ലെന്നാണ് നേതാക്കൾ നേരത്തേ ഉറപ്പ് നൽകിയിരുന്നത്.