ഓട്ടോ ഡ്രൈവറുടെ ക്രൂരത, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ റോഡുവക്കിൽ ഉപക്ഷിച്ചു; മണിക്കൂറുകളോളം കിടന്നയാൾ മരിച്ചു

കോട്ടയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഓട്ടോ ഡ്രൈവർ വഴിയിൽ ഉപേക്ഷിച്ച് കടന്നു. ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡുവക്കിൽ കിടന്നയാൾ മരിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ബിനുവും ഡ്രൈവറും മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടം കണ്ട് ഓടിക്കൂടിയവർ രക്ഷാപ്രവർത്തനം നടത്തിയശേഷം ഓട്ടോ ഉയർത്തിവച്ചു. തുടർന്ന് ബിനുവിനെ അതിൽ കിടത്തി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നാട്ടുകാർ മടങ്ങിയതോടെ ബിനുവിനെ തൊട്ടടുത്ത കടത്തിണ്ണയിൽ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളയുകായിരുന്നു. പ്രദേശവാസികൾ ആരും ഇത് ശ്രദ്ധിച്ചുമില്ല. സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇന്നുരാവിലെ വഴിയാത്രക്കാരായ ചിലരാണ് ഒരാൾ അനക്കമില്ലാതെ കടത്തിണ്ണയിൽ കിടക്കുന്ന കാര്യം പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടമുണ്ടായ വിവരം ആരും വിളിച്ചറിയിച്ചില്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നുമാണ് പൊലീസ് പറയുന്നത്. ഓട്ടോഡ്രൈവറെ കണ്ടെത്താനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. ബിനുവിന്റെ ബന്ധുവാണ് ഓട്ടോ ഓടിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.