Fincat

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിൽ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി; കപ്പൽ രണ്ടാഴ്ച മുമ്പ് കൊച്ചിയിലും എത്തി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവരെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയിരിക്കുകയാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനാണ് ആര്യൻ. എട്ട് പേരാണ് കേസിൽ എൻസിബിയുടെ കസ്റ്റഡിയിലായത്. ആര്യന് ലഹരിപ്പാർട്ടിയിൽ പങ്കാളിത്തമുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇനി തെളിവു ശേഖരമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുന്നിലുള്ള വഴി.

അതേസമയം, ഇവർക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായും എൻസിബി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവരിൽ നിന്നു തന്നെയാണ് വിവരങ്ങൾ ലഭിച്ചതെന്നും കസ്റ്റഡിയിൽ ഉള്ളവർക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. നടൻ അർബാസ് സേത്ത് മർച്ചന്റ്, മുൺമൂൺ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിങ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ഇവരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടി. പിടിച്ചെടുത്ത കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിൽ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോർഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലിൽ ശനിയാഴ്ച ലഹരിപ്പാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറിപ്പറ്റുക ആയിരുന്നു. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാർട്ടി നടത്തിയവർ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകൾ വിറ്റുപോയി. ഒക്ടോബർ രണ്ട് മുതൽ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയപ്പോൾ മയക്കുമരുന്ന് പാർട്ടി ആരംഭിച്ചു. പാർട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഫാഷൻടിവി ഇന്ത്യയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് പരിപാടുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്നു നൂറിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തിനു പിന്നിൽ ബോളിവുഡ് ബദ്ധമുണ്ടെന്ന് എൻസിബി തലവൻ എസ്എൻ പ്രധാൻ പറഞ്ഞിരുന്നു. രഹസ്യവിവരത്തെ തുടർന്ന് രണ്ട് ആഴ്ചയിലേറെ നീണ്ടുനിന്ന അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

രണ്ടാഴ്‌ച്ച മുമ്പ് കൊച്ചിയിലും ആഡംബരത്തിന്റെ പര്യായമായി കോർഡേലിയ

സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ മയക്കുമരുന്ന് പാർട്ടി നടത്തിയ കോർഡേലിയ കപ്പലിന് രണ്ടാഴ്ചമുമ്പ് കൊച്ചിയിലും എത്തിയിരുന്നു. ഇവിടെ രാജകീയ വരവേൽപ്പ് തന്നെയാണ് കപ്പലിന് നൽകിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിൽ വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെയാണ് സഞ്ചാരികളെ സ്വീകരിച്ചത്.

കൊവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ എത്തുന്ന ആദ്യ ആഡംബര കപ്പലായിരുന്നു കോർഡിലിയ.വെറും രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലിനെ ആഡംബര കപ്പൽ എന്നുമാത്രം പറഞ്ഞാൽ പോര ആഡംബരത്തിന്റെ അവസാനവാക്ക് എന്നുതന്നെ പറയണം. ഇന്ത്യയിൽ നിലവിലുള്ളതിൽ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലാണ് ഇത്. ഇതിലെ സൗകര്യങ്ങൾ മുഴുവൻ നടന്നുകാണമെങ്കിൽ ഒന്നോരണ്ടോ ദിവസം പോര. മഹാരാഷ്ട്രയിലെ വാട്ടർവേയ്സ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡാണ് ഉടമകൾ. കരീബിയൻ കപ്പൽ കമ്പനിയിൽ നിന്നാണ് ഈ പടുകൂറ്റൻ കപ്പൽ വാങ്ങിയത്. അതിനാൽ അമേരിക്കൻ രീതിയിലാണ് നിർമ്മാണം. ആകെ പതിനൊന്നു നിലകളാണ് കപ്പലിൽ ഉള്ളത്.

കാസിനോകൾ, ജിം, ബാറുകൾ, തീയേറ്ററുകൾ തുടങ്ങി എല്ലാ ആഡംബര സൗകര്യങ്ങളും കപ്പലിലുണ്ട്. ബാറുകൾ മാത്രം അഞ്ചെണ്ണമാണ് ഉള്ളത്. പാർട്ടകികളും സംഗീത പരിപാടികളും നടത്താനുള്ള സൗകര്യങ്ങൾ വേറെയും.1800 പേർക്ക് ഒരേസമയം ഈ കപ്പലിൽ യാത്രചെയ്യാനാവും. 796 ക്യാബിനുകളാണ് ഉള്ളത്. പോക്കറ്റിന്റെ കനമനുസരിച്ച് എവിടെ താമസിക്കണമെന്ന് തീരുമാനിക്കാം. വി വി ഐ പി കൾക്ക് സ്യൂട്ട് റൂമും ഒരുക്കിയിട്ടുണ്ട്. കപ്പലിന്റെ അകം കണ്ട് യാത്രചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കായി സ്‌പെഷ്യൽ ഇന്റീരിയർ വ്യൂ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മുന്നൂറിലധികം റൂമുകൾ കപ്പലിലുണ്ടത്രേ. മുറിയിൽ കിടന്ന് കടലിന്റെ സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഓഷൻ വ്യൂ റൂമുകളും നിരവധിയുണ്ട്.

ഇതിനുപുറമേ ബാൽക്കണി റൂമുകളും ഉണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മുന്തിയ ഇനം ഭക്ഷണ സാധനങ്ങളും കപ്പലിനുള്ളിൽ ലഭിക്കും. വേണമെങ്കിൽ ഹോം മെയ്ഡ് ഐറ്റങ്ങളും കിട്ടും. വിഭവങ്ങൾ കണ്ടാൽ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് സഞ്ചാരികൾ തന്നെ സമ്മതിക്കുന്നത്.ഇത്രയും സൗകര്യങ്ങളുള്ള കപ്പലിൽ രഹസ്യവിവരത്തെത്തുടർന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ ഉൾപ്പടെ എട്ടുപേർ പിടിയിലായത്.