പൊന്നാനിയിലെ പരസ്യ പ്രതിഷേധത്തിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി
മലപ്പുറം: മലപ്പുറത്തും സിപിഎമ്മിൽ അച്ചടക്കനടപടി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതിനെതിരെ പൊന്നാനിയിൽ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തിയതിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ബ്രാഞ്ചിലേക്കാണ് സിദ്ദീഖിനെ തരം താഴ്ത്തിയത്. സിദ്ദിഖിന് സീറ്റ് നിഷേധിച്ചതിനെതിരെയായിരുന്നു പ്രകടനം. പെരിന്തൽമണ്ണയിലെ തോൽവിയിലും സിപിഎം അച്ചടക്ക നടപടിയെടുത്തു.
സി ദിവാകരൻ, വി ശശികുമാർ എന്നിവരെയാണ് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ച്ചയിലാണ് നടപടി. ഏരിയാ കമ്മിറ്റയംഗം എം മുഹമ്മദ് സലീമിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നെന്നതാണ് മുഹമ്മദ് സലീമിനെതിരെയുള്ള കുറ്റം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വേണ്ടത്ര സജീവമായില്ലെന്ന് പരാതിയുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവനെതിരായ നടപടി ഇപ്പോൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തിനെതിരായ നടപടി സംസ്ഥാന സമിതിക്ക് വിട്ടു.