രാഷ്ട്രപിതാവ് മഹാത്മജി കോടിക്കണക്കിൽ ജനമനസ്സുകളിൽ ജീവിക്കുന്നു: രമ്യ ഹരിദാസ് എം.പി

തിരുന്നാവായ:: പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മജിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് കോടിക്കണക്കായ ഭാരതീയരുടെ മനസ്സുകളിൽ നിന്ന് ഗാന്ധിയെ ഇല്ലായ്മ ചെയ്യാനാവില്ലെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ രമ്യ ഹരിദാസ് എം.പി. പ്രസ്താവിച്ചു.
പ്രതിസന്ധികൾ നിറഞ്ഞ വർത്തമാന കാലഘട്ടത്തിൽ ഭാരതത്തിൻ്റെ യശസ്സ് നിലനിർത്താൻ ഗാന്ധിമാർഗത്തിലൂടെ മാത്രമേ സാധിക്കുവെന്നും അവർ പറഞ്ഞു.
രാജ്യത്ത് നിലനിന്നുപോന്ന സാഹോദര്യവും മതേതരത്വവും ഇല്ലായ്മ ചെയ്യാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും രമ്യ ഹരിദാസ് ഓർമ്മിപ്പിച്ചു.

ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഗാന്ധിജയന്തി ആഘോഷത്തിൻ്റെ ജില്ലാ തല ഉദ്ഘാടനത്തിൽ ഗാന്ധി സ്മൃതി ജ്യോതി തെളിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
ലോക രാഷ്ട്രങ്ങൾ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്ജിക്ക് നിത്യസ്മാരകം പണിയാൻ പോലും മുന്നോട്ട് വരുമ്പോൾ ഗാന്ധിജിയുടെ നാട്ടിൽ ഭരണം നടത്തുന്ന വർഗീയ ശക്തികൾ വീണ്ടും വീണ്ടും വെടിയുതിർത്ത് ഗാന്ധിയെ കൊല്ലാൻ ശ്രമിക്കുകയാണെന്നും , അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി.എസ്. ജോയ് പറഞ്ഞു. ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് ആധ്യക്ഷത വഹിച്ചു.

യു .വി .സി . അഭിഷേക് ദേശീയൈക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി. ഷഹർബാൻ , തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. മുസ്തഫ, ബാൽ മഞ്ച് ജില്ലാ വൈസ് ചെയർമാൻമാരായ നാസർ കെ തെന്നല , സലീഖ് മോങ്ങം, ഡി.സി.സി. ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, ജില്ലാ കോ-ഓർഡിനേറ്റർമാരായ മുളക്കൽ മുഹമ്മദലി, നൗഷാദ് പൊറ്റെങ്ങൽ, കണ്ണൻ നമ്പ്യാർ, കെ. എസ്. അനീഷ്, ബ്ലോക്ക് ചെയർമാൻമാരായ എം.സി. സാഹിർ , സിബി ചെറിയോത്ത്, ടി.വി. ശ്രീകുമാർ , കെ.ജി. ബെന്നി, വത്സല കോഡൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി. അബ്ദുൽ റസാക്ക് മാസ്റ്റർ , യു .വി .സി . മനോജ്, രാമചന്ദ്രൻ നെല്ലിക്കുന്ന്’ , എം.ടി. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

സർവ്വ മത പ്രാർത്ഥന, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന എന്നിവയും നടത്തി.