പലക ഇളകി കിണറ്റിലേക്ക്; രണ്ട് തൊഴിലാളികൾ മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരെയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തു. പിന്നാലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.