തിരൂർ പോളിടെക്നിക് നടത്തുന്ന സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽ എം എസ്” അധ്യാപക പരിശീലനം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു
തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ചിൻ്റെ കീഴിൽ സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം (എഫ്ഡിപി) സംസ്ഥാന തല ഉത്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു.

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജാണ് ഓൺലൈൻ അധ്യാപക പരിശീലനം നേതൃത്വം നൽകുന്നത്.
കോവിഡ് മഹാമാരിയുടെ കാലം പഠന പാഠ്യേതര മേഖലകളിൽ വലിയ പരിവർത്തനമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നും, ലോകമൊന്നടങ്കം കോവിഡിനോടൊപ്പം ജീവിക്കാൻ ശീലിക്കുമ്പോൾ അധ്യാപകർ കാലത്തിനുമപ്പുറത്തേക്ക് ചിന്തകൾ പായിച്ച് സമൂലമായ മാറ്റത്തിന് തയ്യാറെടുക്കേണ്ടതുണ്ട് എന്നും “ഫ്യൂച്ചർ ഓഫ് ലേണിംഗ് “എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

ഈ തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മുഴുവൻ പോളിടെക്നിക് കോളേജുകളിലും മൂഡ്ൽ ഉപയോഗിച്ചുള്ള ലേണിംഗ് മാനേജ്മെൻ്റ് സാർവത്രികമാക്കാൻ സർക്കാർ തീരുമാനിച്ചത്.
തിരൂർ എസ് എസ് എം പോളിടെക്നിക്ക് കോളേജിൻ്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കുന്ന ട്രെയിനിംഗിൽ മുപ്പതിലേറെ പോളിടെക്നിക്കിൽ നിന്നായി നൂറോളം അധ്യാപകർ പങ്കെടുക്കുന്നുണ്ട്.
ഇതോടുകൂടി, ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ സർക്കാർ /സർക്കാർ എയ്ഡഡ് പോളിടെക്നിക്ക് മേഖലയിൽ ആദ്യമായി ക്ലൗഡ് ബേയ്സ്ഡ് മൂഡിൽ ലേണിംഗ് മാനേജ്മെൻ്റ് സിസ്റ്റം യാഥാർത്ഥ്യമാവുകയാണ്.
സാങ്കേതിക വിദ്യ മനുഷ്യ ജീവനും നന്മയ്ക്കും ഉപകാരപ്പെടണമെന്നും ഭൂമിയുടെ നിലനിൽപ്പിന് ഭീഷണി ആവാത്ത സുസ്ഥിര വികസനത്തിലേക്ക് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും മുൻ മന്ത്രിയും എസ്എസ്എം പോളിടെക്നിക്ക് ചെയർമാനുമായ കെ കുട്ടി അഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.
കുട്ടികളുടെ പഠനവും പരിശീലനവും നൂതന സംവിധാനങ്ങളിലൂടെ വിപുലപ്പെടുത്താനുള്ള
വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളെ കെഎംഇഎ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേഠ് അഭിനന്ദിച്ചു..
ഏത് ഉന്നത വിദ്യാഭ്യാസ രീതിയും കുട്ടികളുടെ അഭിരുചിക്ക് മുൻഗണന നൽകി പ്രത്യേക നൈപുണ്യം നൽകുന്നവയാകണമെന്ന് പോളിടെക്ക്നിക്ക് ഗവർണിംഗ് ബോഡി മെമ്പറും കേരള അതലറ്റിക്ക് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. അൻവർ അമീൻ ചേലാട്ട് അഭിപ്രായപ്പെട്ടു.
ഇതിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്ന ലീഡ്സ് വെഞ്ച്വർ ലാബിനും അധ്യാപകർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
ബീന. പി. (സീനിയർ ജോയിൻ്റ് ഡയറക്ടർ) സ്വാഗതം പറഞ്ഞു. ഡോ. ബെജുബായ് (ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ) അധ്യക്ഷത വഹിച്ചു.
ഇജെ ടോണി (എസ് ഐ ടി ടി ടി ആർ ജോയിൻ്റ് ഡയറക്ടർ), കെ എം രമേഷ് (ആർജെഡി) എഎസ് ചന്ദ്രകാന്ത (ഡപ്യൂട്ടി ഡയറക്ടർ) അജിത എസ് (പ്രൊജക്ട് ഓഫീസർ) അബ്ദുൽ നാസർ കൈപഞ്ചേരി (പ്രിൻസിപ്പൾ ) റജിമേൻ എബ്രഹാം (വൈസ് പ്രസിഡണ്ട് വെഞ്ച്വർ ലാബ്) മുഹമ്മദ് നവാസ് (സോഫ്റ്റ് കെയർ ക്ലൗഡ് സൊലൂഷൻസ്) അനൂപ് കുമാർ എം (ഗണപത് സ്ക്കൂൾ ഫറൂക്ക്) സർജു എസ് (കെഡിസ്ക്ക് മെൻറർ) ടൈറ്റസ് ജെ സാം (മൂഡ്ൽ കൺസൾട്ടൻ്റ്) ജിബിൻ എൻ (എം ഇ എസ് ഐ മാറ്റ് എറണാകുളം) എന്നിവർ സംബന്ധിച്ചു.