എ.ആർ. നഗർ ബാങ്ക്: നടന്നത് വൻ ക്രമക്കേടെന്ന് സഹകരണ മന്ത്രി
ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങൾ
തിരുവനന്തപുരം: എ.ആർ. നഗർ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് സർക്കാർ. ബാങ്ക് മുൻ സെക്രട്ടറി വി.കെ. ഹരികുമാറിനടക്കം വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപമുണ്ടെന്നും, രണ്ടര കോടിയിലധികം രൂപയുടെ അനധികൃത വായ്പകൾ നൽകിയിട്ടുണ്ടെന്നും സഹകരണ മന്ത്രി നിയമസഭയിൽ അറിയിച്ചു.
നിക്ഷേപങ്ങൾക്കുളള KYC മാനദണ്ഡങ്ങൾ മുഴുവൻ നിക്ഷേപങ്ങൾക്കും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവരുടെ ടെലഫോൺ നമ്പറോ, ഐഡന്റിറ്റി തെളിയിക്കുന്ന മറ്റ് യാതൊരു രേഖകളോ ഹാജരാക്കാൻ ബാങ്ക് സെക്രട്ടറിക്ക് സാധിച്ചിട്ടില്ല. ഇപ്രകാരം പരിശോധനയിൽ കണ്ടെത്തിയ 257 കസ്റ്റമർ ഐ.ഡിയിൽ പെട്ടവർക്ക് ബാങ്കിൽ അംഗത്വമുള്ളതായും കാണുന്നില്ല.
മുൻ സെക്രട്ടറി വി. കെ. ഹരികുമാറിന് വ്യാജ എസ്.ബി. അക്കൗണ്ടുകൾ ഉള്ളതായും, പ്രസ്തുത അക്കൗണ്ടുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തി വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഒരാളുടെ പേരിൽ തന്നെ വിവിധ കസ്റ്റമർ ഐ.ഡി. ഉള്ളതായും ടി കസ്റ്റമർ ഐഡിയിൽ വിവിധ അക്കൗണ്ടുകളിൽ നിന്നും അനധികൃതമായി 2.66 കോടി രൂപ വായ്പ എടുത്തതായും ബാങ്കിലെ ജീവനക്കാരുടെ പേരിലും, ബന്ധുക്കളുടെ പേരിലുമായി കാൾ ഡെപ്പോസിറ്റ്, സേവിംഗ്സ് അക്കൗണ്ട് എന്നിവയിൽ അനധികൃത നിക്ഷേപങ്ങൾ നടത്തിയതായും ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിയമാവലിക്ക് വിരുദ്ധമായി വായ്പ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
സഹകരണ നിയമം വകുപ്പ് 57 ന് വിരുദ്ധമായി നിക്ഷേപം നടത്തിയതായും വായ്പ പലിശയിൽ നിയമാവലിക്ക് വിരുദ്ധമായി റിബേറ്റ് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പയിൽ 44 ഗ്രാം കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 4/11/2019 മുതൽ 26/06/2021 വരെയുളള കാലയളവിൽ വിവിധ കസ്റ്റമർ ഐഡികളിലെ വിലാസത്തിൽ തിരുത്തലുകൾ വരുത്തിയതായും, ഈ തിരുത്തലുകൾ ഐഡിയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിൽ ജോയിന്റ് രജിസ്ട്രാർ നേരിൽ പരിശോധന നടത്തിയതിൽ ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായി വായ്പാ ഇടപാടുകളും കണ്ടെത്തി. ക്രമക്കേടുകൾക്ക് പിന്നിൽ മുൻ ബാങ്ക് സെക്രട്ടറി ഹരികുമാർ ഉൾപ്പെടെയുള്ളവരാണ്. അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ നിലവിൽ അന്വേഷണം നടക്കുന്നില്ലെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റാരോപിതരായ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആരംഭിച്ചു. സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സഹകരണ ബാങ്കുകളിലെ സോഫ്ട്‍വെയർ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷ ഓഡിറ്റ് നടത്തുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അപ്പക്സ് ബോഡി രൂപീകരണം സഹകരണ മേഖലയെ ദുർബലമാക്കുമെന്നും മന്ത്രി വാസവൻ ആരോപിച്ചു.