സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് പിതാവ് ജീവനൊടുക്കി
മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി. തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്.
കഴിഞ്ഞ മാസം 23നാണ് സംഭവം നടന്നത്. ”തന്റെ മകളെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും’ മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു. തന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി പറയുന്നുണ്ട്.
വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നു ഹിബ നേരിട്ടത്.
വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറ് പവന്‍ പിന്നെയും മൂസക്കുട്ടി നല്‍കിയിരുന്നു. അതും മതിയാവില്ലെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയാല്‍ മാത്രമേ ഹിബയേയും കുഞ്ഞിനേയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുള്ളുവെന്ന് പറഞ്ഞ് ഹിബയുടെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്.