താനൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

താനൂർ : താനൂർ ദേവധാർ മേൽപ്പാലത്തിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങൊളം കുറിഞ്ഞാലിക്കോട്ട് മുനീർ (40) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തേക്കു തെറിച്ചുവീണു.

ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. കാക്കഞ്ചേരിയിൽനിന്ന് അരിച്ചാക്കുകളുമായി കുറ്റിപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തിരൂരിൽനിന്ന് താനൂർ ഭാഗത്തേക്കു വരുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവർ കാബിനിനകത്ത് കുടുങ്ങിപ്പോയി. ഒന്നരമണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ വൊളൻറിയർമാരും പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുനീറിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. പരിക്കേറ്റ 21 ബസ് യാത്രക്കാരെ തിരൂർ പൂക്കയിൽ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ തിരൂർ ജില്ലാ ആശുപത്രിയിലും മൂന്നുപേരെ താനൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ഈ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

കുറിഞ്ഞാലിക്കോട്ട് ഹസ്സൻ മൗലവിയുടെയും ആയിശയുടെയും മകനാണ് മുനീർ. പാരിസൺസ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: റംല. മക്കൾ: ആയിഷ ഹിബ, സഫ്‌വാൻ, സയാൻ. സഹോദരങ്ങൾ. മുഹമ്മദ്‌, അബ്ദുറഹിമാൻ, ജുമാന.