സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും ജലീലിനും മുൻ സ്പീക്കർക്കുമെതിരെ മൊഴിനൽകാൻ ഇഡി നിർബന്ധിച്ചെന്ന് സന്ദീപ് നായർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കെ.‌‌ടി. ജലീലിനും എതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ ആരോപിച്ചു,​ ജയില്‍മോചിതനായ ശേഷമാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. നിരവധി പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും സന്ദീപ് പറയുന്നു. കെ.ടി. ജലീലിന് കോണ്‍സുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്. സ്പീക്കര്‍ക്കെതിരേ മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന് സ്വപ്‌നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സന്ദീപ് പറയുന്നു.

എന്നാൽ സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് ഒന്നും പറയില്ലെന്നും എല്ലാം കോടതിയിലാണെന്നും സന്ദീപ് പറഞ്ഞു. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാദ്ധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയതെന്നും സന്ദീപ് ന്യക്തമാക്കി,​

സ്വർണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.