പൊന്നാനിയിൽ സി.പി.എമ്മിൽ പ്രതിഷേധം കനക്കുന്നു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയെച്ചൊല്ലി പൊന്നാനിയിൽ സി.പി.എമ്മിൽ പ്രതിഷേധം കനക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയ നടപടിയാണ് പ്രവർത്തകരെ രോഷംകൊള്ളിക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങൾ മുടങ്ങുന്ന തരത്തിലേക്ക് പ്രതിഷേധം വളരുകയാണ്.

ശനിയാഴ്‌ച പുതുപൊന്നാനി നോർത്ത് ബ്രാഞ്ച് സമ്മേളനവേദിക്കരികിലേക്ക് ഒരുവിഭാഗം പാർട്ടി അനുഭാവികൾ പ്രകടനവുമായെത്തി. പാലക്കൽ ഹംസു, പുതുപറമ്പിൽ അഷ്‌കർ, പി.എം. ജിഫ്രി തുടങ്ങിയവരുടെ നേതൃത്തിത്വത്തിലാണ് സി.പി.എം. പതാകയുമേന്തി പ്രകടനമെത്തിയത്. സമ്മേളനത്തിന് അഭിവാദ്യം വിളിച്ചെത്തിയ പ്രകടനക്കാർ, സിദ്ദീഖ് ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി എന്താണെന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഏറെനേരം മുദ്രാവാക്യം വിളികളുമായി സമ്മേളനവേദിക്കരികെ നിലയുറപ്പിച്ച പ്രവർത്തകർ പിന്നീട് നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പിരിഞ്ഞുപോയി.

വ്യാഴാഴ്‌ച നടത്താനിരുന്ന വെളിയങ്കോട് ലോക്കൽ കമ്മിറ്റിക്കുകീഴിലെ മാട്ടുമ്മൽ ബ്രാഞ്ച് സമ്മേളനം പ്രതിനിധികൾ എത്താത്തതിനാൽ നടന്നില്ല. ഉദ്‌ഘാടകനായ സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റിയംഗം രജീഷ് ഊപ്പാല സമ്മേളനസ്ഥലത്തെത്തിയെങ്കിലും പ്രതിനിധികൾ ഇല്ലാത്തതിനാൽ തിരിച്ചുപോയി. ബ്രാഞ്ച് സെക്രട്ടറി സി.പി. ബക്കർ ഉൾപ്പെടെ 16 പേരായിരുന്നു സമ്മേളന പ്രതിനിധികൾ. ഇവരിലാരും എത്തിയില്ല. എരമംഗലം ലോക്കൽകമ്മിറ്റിക്കു കീഴിലെ പഴഞ്ഞി ബ്രാഞ്ച് സമ്മേളനത്തിൽനിന്ന് നാലു പ്രതിനിധികൾ ഇറങ്ങിപ്പോയി. കപ്യാരത്ത് ജാബിർ, കെ. ഹാരിസ്, പ്രബീഷ്, ഹാരിസ് എന്നിവരാണ് സമ്മേളനം ബഹിഷ്‌കരിച്ചത്.

ടി.എം. സിദ്ദീഖിനെതിരേ പാർട്ടി നടപടി അനീതിയാണെന്നും സാധാരണക്കാരായ പ്രവർത്തകരുടെ വികാരമുൾക്കൊണ്ട് പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നും ഇല്ലെങ്കിൽ പാർട്ടി പ്രവർത്തനവുമായി നിസ്സഹകരണം തുടരുമെന്നുമുള്ള കത്ത് എരമംഗലം ലോക്കൽ സെക്രട്ടറി സുനിൽ കാരാട്ടേലിന് കൈമാറിയാണ് പ്രവർത്തകർ ഇറങ്ങിപ്പോയത്.