തെരുവുനായ്ക്കളെ കണ്ട് ഭയന്നോടി വീണ് യുവാവിന് പരിക്കേറ്റു.

പെരിന്തൽമണ്ണ: പള്ളിയിൽ നമസ്കാരം കഴിഞ്ഞിറങ്ങവേ തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ യുവാവിന് വീണ് പരിക്കേറ്റു. പെരിന്തൽമണ്ണ കക്കൂത്ത് ചെമ്പൻകുന്ന് പട്ടാണി വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദലി(18) ക്കാണ് പരിക്കേറ്റത്. പെരിന്തൽമണ്ണ വലിയങ്ങാടി പള്ളിക്ക് സമീപത്താണ് സംഭവം.

മൂന്ന് തെരുവുനായകൾ പിന്നാലെയെത്തിയതോടെ മുഹമ്മദലി ഓടി. ഇതിനിടെ ഓടയുടെ സ്ലാബിൽ തട്ടി വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ നായകളെ അകറ്റി യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താടിയെല്ലിന് പൊട്ടലും കാലിനും ചെവിക്ക് സമീപവും മുറിവുമുണ്ട്. മുഹമ്മദലിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്.

പള്ളിയുടെ സമീപത്തുൾപ്പെടെ പെരിന്തൽമണ്ണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം പട്ടാമ്പി റോഡ്, തോട്ടക്കര ഭാഗങ്ങളിലായി 12-ഓളം പേർക്ക് കടിയേറ്റിരുന്നു. ഇതിലുൾപ്പെട്ട അതിഥിത്തൊഴിലാളി ദിവസങ്ങൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു.