ഊര്‍ജ പ്രതിസന്ധിയില്ല, പരിഭ്രാന്തി പരത്തിയാല്‍ നടപടി, കൽക്കരിക്ഷാമം ഉടൻ പരിഹരിക്കും: കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം കാരണം ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്‍.കെ സിങ് ആവശ്യപ്പെട്ടു. താപനിലയങ്ങളില്‍ ശരാശരി അളവില്‍ കല്‍ക്കരി ലഭ്യമാണ്. നിലവിലുള്ളത് സ്റ്റോക്ക് നാല് ദിവസത്തേക്ക് പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു. കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഇക്കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസിന് ഇപ്പോള്‍ ആശയദാരിദ്ര്യമാണെന്നും ആര്‍.കെ സിങ് കുറ്റപ്പെടുത്തി. ജനങ്ങളുടെ വോട്ട് കിട്ടാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഊര്‍ജ പ്രതിസന്ധി സംബന്ധിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് ടാറ്റ പവര്‍ സി.ഇ.ഒ, ഗെയില്‍ എന്നിവര്‍ക്ക് താക്കീത് നല്‍കിയതായും ആര്‍കെ. സിങ് പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി ദൗര്‍ലഭ്യവും വിലക്കയറ്റവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് എല്ലാം ശരിയാകുമെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വിലയില്‍ വലിയ കുതിപ്പുണ്ടായതിനാല്‍ ഇപ്പോഴത്തെ വൈദ്യുതി നിര്‍മാണത്തിന് ആഭ്യന്തര ഖനികളില്‍ നിന്നുള്ള കല്‍ക്കരിയാണ് ഉപയോഗിക്കുന്നതെന്നും ജോഷി പറഞ്ഞു. കനത്ത മഴ നേരിയ തോതില്‍ കല്‍ക്കരി സംഭരണത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താപനിലയങ്ങളിലെ പ്രവര്‍ത്തനം നിലച്ചതോടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഊർജപ്രതിസന്ധി തലപൊക്കിത്തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ 14 താപവൈദ്യുത നിലയങ്ങള്‍ കല്‍ക്കരി ദൗര്‍ലഭ്യത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. ഉത്തര്‍പ്രദേശില്‍ സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ അഞ്ച് മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡല്‍ഹി സമ്പൂര്‍ണ ബ്ലാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ട്. ഗുജറാത്തും തമിഴ്നാടും ആശങ്ക അറിയിച്ചു. കേരളത്തിൽ പവർക്കട്ട് വേണ്ടിവരുമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണം