ഡീസലിനും സെഞ്ച്വറി; ഇന്ധനവില ഇന്നും കൂട്ടി


തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വർദ്ധിച്ചത്. കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100.11 രൂപയും, പൂപ്പാറ 100.05 രൂപയുമാണ് ഇന്നത്തെ വില.

ഇടുക്കിയിലെ ചില പമ്പുകളിലും ഡീസൽ വില നൂറ് കടന്നു. ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസയും, പെട്രോളിന് 2 രൂപ 99 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 95 പൈസയും, കോഴിക്കോട് 98 രൂപ 28 പൈസയുമായി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104 രൂപ 42 പൈസയും, കോഴിക്കോട് 104 രൂപ 64 പൈസയും, തിരുവനന്തപുരത്ത് 104 രൂപ 40 പൈസയുമാണ് ഞായറാഴ്ചത്തെ നിരക്ക്. രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. ഇവിടെ പെട്രോൾ ലിറ്ററിന് 116.09 രൂപയും, ഡീസലിന് 106.77 രൂപയുമാണ് വില.