ബൈക്കിൽ കറങ്ങി കഞ്ചാവ് കച്ചവടം: രണ്ട് യുവാക്കൾ പിടിയിൽ

പെരിന്തൽമണ്ണ: സ്‌കൂട്ടറിൽ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. മലപ്പുറം പാങ്ങ് പുളിവെട്ടി തേനാംപിലാക്കൽ മുഹമ്മദ് കബീർ(27), പാങ്ങ് കമ്പനിപ്പടി മുരിങ്ങത്തോട്ടിൽ ഫാരിസ്(35) എന്നിവരാണ് പിടിയിലായത്. മൂർക്കനാട് പഞ്ചായത്തിൽ പാങ്ങ് ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ എക്‌സൈസ് ജില്ലാ രഹസ്യാന്വേഷണ വിഭാഗവും പെരിന്തൽമണ്ണ റേഞ്ച് സംഘവും ചേർന്ന് പിടികൂടിയത്. ഒന്നരലക്ഷത്തോളം രൂപ വിലവരുന്നതാണിതെന്നും വിൽപ്പനയ്ക്കായാണ് കൊണ്ടുവന്നതെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.

മുഹമ്മദ് കബീർ, ഫാരിസ്

രഹസ്യാന്വേഷണ വിഭാഗം ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്, ഷിജുമോൻ, മുഹമ്മദ് അബ്ദുൾ സലീം, പ്രിവന്റീവ് ഓഫീസർ ഫ്രാൻസിസ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ അജികുമാർ, സി.ഇ.ഒ.മാരായ അരുൺകുമാർ, അബിൻരാജ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.