പീഡനത്തിന് ഒത്താശ; ചിറമംഗലം സ്വദേശിനി അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച യുവാവിനെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത പോക്സോ കേസിൽ യുവതിയും അറസ്റ്റിൽ. മലപ്പുറം ചിറമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ചിറമംഗലം ഒറ്റത്തയ്യിൽ വീട്ടിൽ മുജീബിന്റെ ഭാര്യ സമീറ (30) യെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിലെ ഒന്നാം പ്രതിയായ ഹരിദാസനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിദാസനെ ചോദ്യം ചെയ്തതിൽ സമീറയുടെ പങ്ക് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഹരിദാസനെ കുറ്റകൃത്യത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത കാര്യത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ ഭർത്താവായ മുജീബിനെ കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചിറമംഗലം സ്വദേശിയായ ഹരിദാസൻ (40 )പെൺകുട്ടിയുമായി കഴിഞ്ഞ രണ്ട് വർഷമായി ഫോൺ മുഖാന്തിരം ബന്ധം പുലർത്തി വരികയായിരുന്നു. പ്രതിയെ പെൺകുട്ടിയുമായി പരിചയപ്പെടാൻ കാരണക്കാരിയായത് സമീറയായിരുന്നു. പരപ്പനങ്ങാടി അഡി.എസ്‌ഐ ബാബുരാജ്, എഎസ്ഐ ജയദേവൻ, പൊലീസുകാരായ ബിജേഷ്, അനിൽ, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹരിദാസനെ നേരത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.