കരിപ്പൂരിൽ അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള കുട്ടികൾ; സംസ്ഥാനത്ത് മഴ കനക്കുന്നു
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ടുകുട്ടികൾ മരിച്ചു. മതാകുളത്തെ അബുബക്കർ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ(7 മാസം) എന്നിവരാണ് മരിച്ചത്. വീടിന് പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികൾ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു. പുലർച്ചെ 5 മണിക്കാണ് അപകടം. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ടു കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്. ഇന്നലെ വൈകീട്ട് വരെ മലപ്പുറം ജില്ലയിൽ കനത്ത മഴയായിരുന്നു. രാത്രിയോടെ വീണ്ടും മഴ ശക്തമായി. ജില്ലയിൽ ഇപ്പോഴും മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. തൃശൂർ മുതൽ കാസർകോട് വരെ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്.തൃശൂരും പാലക്കാടും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മണ്ണാർക്കാട്, അഗളി മേഖലയിൽ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡിൽ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതി ചുരത്തിലും റോഡിലേക്ക് മരം വീണു.
ചാലക്കുടിയിൽ ശക്തമായ തുടരുകയാണ്. ഇതേത്തുടർന്ന് ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു.ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി. കോട്ടയത്തും കനത്ത മഴയാണ്.മേലുകാവ്- തൊടുപുഴ രോഡിൽ രാത്രി വലിയ പാറ വീണു. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടി ടൗണിൽ ദേശീയപാതയിൽ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയർത്തി. ഒന്ന് നാല് ഷട്ടറുകൾ അഞ്ച് സെന്റി മീറ്റർ വീതവും രണ്ട്, മൂന്ന് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവുമാണു ഉയർത്തിയത്. ഫലത്തിൽ 30 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. ഇതോടെ കരമനയാറിന്റെ തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
108.45 മീറ്റർ ആണു ഡാമിലെ നിലവിലത്തെ ജല നിരപ്പ്. 110.5 മീറ്റർ ആണു പരമാവധി സംഭരണ ശേഷി. 109.5 സെന്റി മീറ്റർ വരെ സംരക്ഷിച്ചു നിർത്താൻ അനുമതിയുണ്ട്. ഉൾ വന പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നാൽ ഷട്ടറുകൾ വീണ്ടും ഉയർത്തിയേക്കും. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ഞായറാഴ്ച രാത്രി മുതലുള്ള കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ആറ് ഷട്ടറുകളിൽ നാലെണ്ണം 320 സെന്റീമീറ്റർ ഉയർത്തി. മൂന്നും നാലും അഞ്ചും ഷട്ടറുകൾ 100 സെന്റീമീറ്റർ വീതവും രണ്ടാമത്തെ ഷട്ടർ 20 സെന്റീമീറ്ററുമാണ് ഉയർത്തിയത്.
മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വർധിക്കുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു. പേപ്പാറ ഡാമിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.ശക്തമായ നീരൊഴുക്കിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.