കടന്നല്‍ക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

കുന്നമംഗലം: കടന്നല്‍ കുത്തേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ ഓഫിസിലെ ഡ്രൈവര്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പില്‍ വച്ചാണ് കടന്നല്‍ കുത്തിയത്.

വീട്ടുവളപ്പില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ നായര്‍ക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമന്‍ കൂട്ടില്‍ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നല്‍ ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നല്‍ കൂട്ടമായി ആക്രമിച്ചു. കുത്തേറ്റ് തളര്‍ന്നുവീണ സുധീഷ് ബോധരഹിതനായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: രജിത, മകള്‍: ആര്യ.