കരിപ്പൂര്‍ വിമാനതാവളത്തിലെ എന്‍ട്രി ഫീസ് ഏകീകരിക്കണം – കെ റ്റി ഡി ഒ
മലപ്പുറം : കരിപ്പൂര്‍ വിമാനതാവളത്തിലെ വാഹന എന്‍ട്രി ഫീസ് ഏകീകരിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍,ആര്‍ ടി ഒ, കരിപ്പൂര്‍ വിമാനതാവള അധികൃതര്‍, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് നാസര്‍ എടവണ്ണപ്പാറ, സെക്രട്ടറി അസീസ് പട്ടിക്കാട്, കെ എല്‍ 10 സോണ്‍ പ്രസിഡന്റ് ശശി മലപ്പുറം എന്നിവര്‍ നിവേദനവും നല്‍കി.
കോവിഡ് മഹാമാരി കാരണം ദുരിതം അനുഭവിക്കുന്ന കാലത്തും ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് മാത്രമായി എന്‍ട്രി ഫീസ് ഇനത്തിലും പാര്‍ക്കിംഗ് ഫീസ് ഇനത്തിലും അമിത തുകയാണ് വാങ്ങിക്കുന്നത്. എന്നാല്‍ ധാരാളം സ്വകാര്യ വാഹനങ്ങള്‍ എയര്‍പോര്‍ട്ടില്‍ വന്നു പോകുകയും ചെയ്യുന്നു. അത്തരക്കാരുടെ പക്കല്‍ നിന്നും ഒരു രൂപ പോലും വാങ്ങാതെയാണ് കടത്തി വിടുന്നത്. ഈ സ്വകാര്യ വാഹനങ്ങളില്‍ 80 ശതമാനവും വരുന്ന യാത്രക്കാര്‍ വാടക നിശ്ചയിച്ചുകൊണ്ടാണ് (കള്ളടാക്‌സി) അവിടെ വന്നു പോകുന്നത്. കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നും കള്ളടാക്‌സികള്‍ സര്‍വ്വീസ് നടത്തി വരുന്നുമുണ്ട്. എത്രയും വേഗത്തില്‍ കരിപ്പൂര്‍ വിമാനതാവളത്തിലെ പാര്‍ക്കിംഗ് ഫീസ് ഏകികീരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കള്ളടാക്‌സികള്‍ക്കെതിരെ നടപടികള്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു.