ഉരുൾപൊട്ടൽ, അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞു, വ്യാപക കൃഷിനാശം, മുഴുവൻ ഡാമുകളും തുറന്നേയ്ക്കും
പത്തനംതിട്ട: 2018ലെ പ്രളയക്കെടുതിയിൽ നിന്നും കരകയറും മുന്നേ പത്തനംതിട്ടയിൽ വീണ്ടും നാശം വിതച്ച് കനത്ത മഴ. 12 മണിക്കൂറിനിടെ 10 സെ.മീ മഴ പെയ്തതായാണ് വിവരം. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു.

മലയാലപ്പുഴ മുസല്യാർ കോളജിന് സമീപം വലിയ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി കഴിഞ്ഞു. കുമ്പഴ മലയാലപ്പുഴ റോഡിലേയ്ക്ക് വെള്ളം കയറി. റാന്നിയിൽ ജലനിരപ്പ് ഉയർന്നു. വലിയതോട് കവിഞ്ഞ് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്.

പുനലൂർ മൂവാറ്റുപുഴ റോഡിൽ മാമുക്ക് ജംങ്ങ്ഷനിലും വെള്ളം കയറി. മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെ എസ് ആർ ടി സി ഗാരേജ് വെള്ളത്തിനടിയിലായി. പന്തളം കുടശനാടിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. ഏഴംകുളം അറുകാലിക്കൽ ഭാഗത്ത് മരം വീണ് വീട് തകർന്നു. അടൂരിൽ വൈദ്യുതി നിലച്ചു. വകയാർ, മുറിഞ്ഞകൽ എന്നിവിടങ്ങളിലെ റോഡുകളിലേയ്ക്കും വെള്ളം കയറിതുടങ്ങി. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തില്ല.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായി ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പമ്പാ ത്രിവേണിയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. മഴ കൂടുതൽ ശക്തമായാൽ എല്ലാ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്.
