ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടു, കുഞ്ഞ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ ഷിജുവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും ഒളിവിൽപോയ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമേ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഷിജുവിനെതിരേ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകിട്ടാണ് തലശ്ശേരി കുടുംബകോടതി ജീവനക്കാരനായ കെ.പി. ഷിജുവിന്റെ ഭാര്യ സോന(25) ഒന്നരവയസ്സുള്ള മകൾ അൻവിത എന്നിവർ പാത്തിപ്പാലത്തെ പുഴയിൽ വീണത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ സോനയെ ഉടൻതന്നെ രക്ഷപ്പെടുത്തി. എന്നാൽ അൻവിതയെ കണ്ടെത്താനായില്ല. പിന്നീട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അൻവിതയുടെ മൃതദേഹം കണ്ടെത്തിയത്.

ഭർത്താവ് ഷിജുവാണ് തന്നെയും മകളെയും പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് സോന നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് പോലീസ് ഷിജുവിനെതിരേ കേസെടുക്കുകയായിരുന്നു.
ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂളിലെ അധ്യാപികയാണ് സോന. വെള്ളിയാഴ്ച അവധിയായതിനാൽ ഷിജുവും സോനയും മകളും ബൈക്കിലാണ് പാത്തിപ്പാലത്ത് പുഴയ്ക്ക് സമീപം എത്തിയത്. ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ടശേഷം ഷിജു ഇവിടെനിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. ഷിജുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.

അതേസമയം, ദമ്പതിമാർക്കിടയിൽ കുടുംബപ്രശ്നങ്ങളുള്ളതായി വിവരമില്ലെന്ന് സമീപവാസികൾ പറഞ്ഞു. കോടതി ജീവനക്കാരനായ ഷിജു നല്ലരീതിയിലാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്നും എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.