പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ ഇന്നും കണ്ടെത്താനായില്ല
പൊന്നാനി: കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ ഇന്നും വിഫലം. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ , ഇബ്രാഹിം ,മുഹമ്മദലി എന്നിവരെയാണ് അപകടത്തിൽ കാണാതായത്.

അതേസമയം, മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തൃശ്ശൂർ- കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. തെരച്ചിലിൽ പങ്കെടുക്കുന്ന മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധന ചെലവ് സർക്കാർ വഹിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളെ കാണാതായി നാല് ദിവസമായിട്ടും തെരച്ചിലിനായി മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്ന് ആരോപിച്ചായിരുന്നു മത്സ്യ തൊഴിലാളികളുടെ റോഡ് ഉപരോധം. 15 മിനിറ്റോളം നീണ്ട ദേശീയപാത ഉപരോധത്തിനിടെ നീണ്ട ഗതാഗത കുരുക്കുണ്ടായി. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധന ബോട്ടുകളും തെരച്ചലിൽ പങ്കെടുത്തിരുന്നു. ഓരോ ദിവസവും അര ലക്ഷം രൂപയുടെ ഇന്ധനമാണ് ബോട്ടുകൾക്ക് അവശ്യം. ഈ ഇന്ധന ചെലവ് സർക്കാർ വഹിക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു . കോസ്റ്റ് ഗാർഡും ഫിഷറീസും കോസ്റ്റൽ പൊലീസും നേവിയും കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.