പേമാരി, ഉരുൾപ്പൊട്ടൽ; നഷ്ടമായത് 23 ജീവൻ, കോട്ടയം, ഇടുക്കി ജില്ലകളിൽ 18 മരണം
കോട്ടയം/ഇടുക്കി: രണ്ടു ദിവസമായി കോരിച്ചൊരിഞ്ഞ മഴയിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാണാതായ 19 പേരിൽ 18പേരുടെ മൃതദേഹം കണ്ടെത്തി. ഇതിൽ കൊക്കയാറിൽ നിന്ന് കാണാതായ ഏഴ് പേരിൽ പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചുവിനായുള്ള (3) തെരച്ചിൽ തുടരും.
കൂട്ടിക്കൽ കാവാലി, പ്ലാപ്പള്ളി മേഖലകളിൽ നിന്നായി 12 പേരും ഇടുക്കി കൊക്കയാർ പൂവഞ്ചി, മാക്കൊച്ചി ഭാഗത്തു നിന്ന് ആറുപേരുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ തോട്ടിൽ വീട്ടമ്മയും ഒഴുക്കിൽപ്പെട്ടു മരിച്ചിരുന്നു. കൂട്ടിക്കലിൽ നിന്ന് ഇന്നലെ 9 മൃതദേഹമാണ് കണ്ടെടുത്തത്. ഇവിടെമാത്രം മരണം 12. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപാവീതം ധനസഹായം നൽകുമെന്ന് റവന്യുമന്ത്രി കെ. രാജൻ അറിയിച്ചു.
ഇന്നലെ പൊന്മുടിയിൽ കുടുംബത്തോടൊപ്പം എത്തി കല്ലാറിൽ കുളിക്കാനിറങ്ങിയ കൈമനം അമ്പാടി ഹൗസിൽ ഹരിയുടെ മകൻ അഭിലാഷ് (24), വൈകിട്ട് അഞ്ചോടെ ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ സൈനികൻ ഏറ്റുമാനൂർ ശ്രീകണ്‌ഠമംഗലം മുണ്ടോലിമുകളേൽ ജോൺ സെബാസ്റ്റ്യൻ (33) എന്നിവർ മുങ്ങിമരിച്ചു. കോഴിക്കോട് വടകര കുന്നുമ്മക്കരയിൽ കണ്ണൂക്കര ഷംജാസിന്റെ മകൻ രണ്ടു വയസുള്ള മുഹമ്മദ് റൈഹാൻ വീടിന് മുന്നിലെ തോട്ടിൽ വീണു മരിച്ചു.
കൂട്ടിക്കലിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ
ഉരുൾപൊട്ടലിൽ തരിപ്പണമായ കൂട്ടിക്കലിൽ നിന്ന് ഇന്നലെ ഒമ്പത് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇളംകാട് ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (47), മക്കളായ സ്‌നേഹ (10), സാന്ദ്ര (14) ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി (50) എന്നിവരുടെ മൃതദേഹങ്ങൾ കാവാലിയിൽ നിന്ന് കണ്ടെത്തി. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങൾ പ്ളാപ്പള്ളിയിൽ നിന്ന് കണ്ടെത്തി. അലന്റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കാൽഭാഗം അലന്റേതല്ലെന്ന് വ്യക്തമായതോടെ പ്ളാപ്പള്ളിയിൽ തെരച്ചിൽ തുടരും.
കാണാതായ ഓട്ടോ ഡ്രൈവർ ഇളംകാട് ഓലിക്കൽ ഷാലറ്റിന്റെ (29) മൃതദേഹം ഏന്തയാറ്റിൽ നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ തോട്ടിൽ കാണാതായ ശ്രാമ്പിക്കൽ രാജമ്മയുടെ (64) മൃതദേഹം ഇന്നലെ രാവിലെ ലഭിച്ചു. കൊക്കയാറിൽ ഉരുൾപൊട്ടലിൽ മാക്കൊച്ചി കല്ലുപുരയ്ക്കൽ നസീറിന്റെ മകളും കാഞ്ഞിരപ്പള്ളി സ്വദേശി സിയാദിന്റെ ഭാര്യയുമായ ഫൗസിയ (28), മകൻ അമീൻ (7), അംന (7) നസീറിന്റെ മകൻ ഫൈസലിന്റെ മക്കളായ അഫ്‌സാൻ (8), അഹിയാൻ (4), അയൽവാസി ചിറയിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു.
അപകടം പുല്ലകയാറിന്റെ ഇരുകരകളിലും
കോട്ടയം-ഇടുക്കി ജില്ലകളെ വേർതിരിക്കുന്നത് പുല്ലകയാറാണ്. ഒരു വശം കൂട്ടിക്കൽ പഞ്ചായത്തും മറുവശം കൊക്കയാർ പഞ്ചായത്തും. കൂട്ടിക്കൽ പഞ്ചായത്ത് കോട്ടയത്തും കൊക്കയാർ ഇടുക്കി ജില്ലയിലുമാണ്.