ചെമ്പിൽ ആകാശിന്റെ കൈപിടിച്ച് കയറി ഐശ്വര്യ, വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലൊരു വ്യത്യസ്ത വിവാഹം
ആലപ്പുഴ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ മുട്ടോളം വെള്ളപ്പൊക്കമായതോടെ വരനും വധുവും വിവാഹ വേദിയിലെത്തിയത് വലിയ ചെമ്പിൽ. അപ്പർ കുട്ടനാട്ടിലെ തലവടിയിലാണ് വെള്ളപ്പൊക്കത്തിലെ വിവാഹം കൗതുകമായത്. മഴയൊഴിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ ആഘാതം കുട്ടനാട്ടിൽ തുടരുകയാണ്. കിഴക്കൻ മേഖലയിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കം ഒന്നും രണ്ടും ദിവസങ്ങൾ കഴിഞ്ഞാണ് അപ്പർ കുട്ടനാട്ടിലെത്തുന്നതോടെയാണ് ഇവിടെ വെള്ളക്കെട്ടായി മാറുന്നത്. തകഴി സ്വദേശി കറുകയിൽ ആകാശും അമ്പലപ്പുഴ ഐശ്വര്യയുമാണ് ചെമ്പിലേറി അമ്പലത്തിലെത്തി വിവാഹം കഴിച്ചത്.
ജില്ലയിലും മലയോര മേഖലയിലും മഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളെ പൂർണമായും വെള്ളത്തിൽ മുക്കിയിരിക്കുകയാണ്. പമ്പ ഡാം തുറക്കേണ്ടിവന്നാൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകും. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി.
നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടനാട് താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രദേശങ്ങളിലും വെള്ളം കയറി. പലയിടത്തും ഗതാഗതം തടസപ്പെടും വിധം റോഡുകൾ മുങ്ങി. ആലപ്പുഴ -ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇതോടെ നവീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. പമ്പ, അച്ചൻ കോവിൽ, മണിമല ആറുകൾ കരകവിഞ്ഞാണ് ഒഴുകുന്നത്.
പ്രളയജലം കടലിലേയ്ക്ക് ഒഴുക്കുന്ന തോട്ടപ്പള്ളി പൊഴിമുഖവും തണ്ണീർമുക്കം ബണ്ടും തുറന്നിട്ടുണ്ട്. എന്നാൽ കായംകുളം കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തൃക്കുന്നപ്പുഴ ചീപ്പിന്റെ രണ്ട് ഷട്ടറുകളുടെ ഭാഗത്ത് ബണ്ട് നിർമ്മിച്ചതിനാൽ നീരൊഴുക്ക് തടസപ്പെട്ടു. ലീഡിംഗ് ചാനൽ, ദേശീയ ജലപാത, ഡാണാപ്പടി തോട്, പുളിക്കീഴ് ആറ് എന്നിവിടങ്ങളിലൂടെയാണ് പ്രളയ ജലം ഒഴുകിയെത്തുന്നത്.
പ്രധാന തോടുകൾക്ക് കുറുകെ നിർമ്മിച്ച ഓരുമുട്ട് പൂർണമായും നീക്കാത്തതും നീരോഴുക്കിന് തടസമായിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന തോടുകളുടെയും ലീഡിംഗ് ചാനലിന്റെയും ആഴക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. വീയപുരത്ത് വാണിംഗ് വാട്ടർ ലെവലിന്റെ ഇരട്ടിയിലധികമാണ് ജലനിരപ്പ്. പമ്പയാറും അച്ചൻ കോവിലാറും തൊടിയൂർ-ആറാട്ടുപുഴ തോടും കരകവിയാനുള്ള സാദ്ധ്യതയുള്ളതിനാൽ റവന്യു അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു