സുധീരനൊക്കെ വലിയ ആളുകൾ, ചുമലിൽ വെച്ച് നടക്കാൻ കഴിയില്ല; പരിഹാസവുമായി കെ സുധാകരൻ

തിരൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്നാൽ, എല്ലാക്കാലവും ഉള്ള ഉടക്കുപോലെ ഇത്തവണയും പുനഃസംഘടന എളുപ്പം നടക്കുന്ന മട്ടില്ല. സെമി കേഡർ ശൈലി കൊണ്ടുവരാനുള്ള സുധാകരന്റെ ശ്രമത്തോട് അണികൾ നല്ലരീതിയിൽ പ്രതികരിക്കുമ്പോഴും നേതാക്കൾ പതിവുപോലെ ഉടക്കിലാണ്. സ്ഥാനമാനങ്ങൾക്ക് വേണ്ടി കടിപിടികൂടുന്നവർക്ക് സ്ഥാനം പോകുമോ എന്ന ഭയമാണ് ഇപ്പോഴും. ഇതിനിടെ ചില മുൻ കെപിസിസി അധ്യക്ഷന്മാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇപ്പോഴും കെ സുധാകരനുമായി ഉടക്കു ലൈനിലാണ്.

ഈ ശൈലിയിൽ കൊമ്പു കോർക്കൽ തുടരുമ്പോഴും സമവായത്തിന്റെ പാതയിലാണ് കെ സുധാകരൻ. എങ്കിലും ചില കാര്യങ്ങൾ വെ്ട്ടിത്തുറന്ന് പറയുന്നതാണ് സുധാകര ശൈലി. ഈ ശൈലിയിൽ തന്നെ അദ്ദേഹം വി എം സുധീരനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. വി എം.സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാൽ അദ്ദേഹത്തെ എടുത്ത് ചുമലിൽ വെച്ചു നടക്കാൻ കഴിയില്ലെന്ന് സുധാകൻ വെട്ടിത്തുറന്നു പറഞ്ഞു. തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് സുധാകരൻ പ്രതികരിച്ചത്.

സുധീരനുമായി അനുരജ്ഞനത്തിൽ പോകാനാണ് താൽപ്പര്യമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. സുധീരനെ പോയി കണ്ടു കാര്യങ്ങൾ ചർച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമയും ചോദിച്ചു. അത്രയേ ഞാൻ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരൻ പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ടില്ല പാർട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരൻ വിശദീകരിച്ചു. ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടൽ നികത്തി കൈത്തോട് നിർമ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരൻ പറഞ്ഞു.

എല്ലാ പാർട്ടിയിലും ഗ്രൂപ്പുണ്ട്. ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ട്. കോൺഗ്രസിൽ ഗ്രൂപ്പ് അനിവാര്യമാണ്. കോൺഗ്രസിന്റെ ഏറ്റവും വലിയ ഭംഗിയും ഗ്രൂപ്പാണ്. കോൺഗ്രസ് പുതിയ ഉണർവിലേക്ക് പോയിരിക്കുന്നു. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് അനുകൂല കൊടുങ്കാറ്റടിക്കുകയാണ്. ഉത്തർപ്രദേശിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കുട്ടികൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ വിഷമിക്കുകയാണ്. പരീക്ഷഫലപ്രദമായി നടത്താത്തതു കാരണം നൂറു ശതമാനം വിജയം വന്നു. അത് സർക്കാറിന്റെ പിടിപ്പുകേടാണ്. ഈ പ്രശ്നം മുൻകൂട്ടി കാണാനും പരിഹാരമുണ്ടാക്കാനും സർക്കാർ പരാജയപ്പെട്ടു. പ്രളയം മുൻകരുതൽ എടുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. പാകപിഴകൾ ഉണ്ടങ്കിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനവുമായി സർക്കാറിനോട് പൂർണമായും സഹകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കെപിസിസി പുനഃസംഘടനയെ ചൊല്ലി ഗ്രൂപ്പുകളും കടുത്ത അതൃപ്തിയിലാണ്. അന്തിമപട്ടികയെക്കുറിച്ച് അറിയില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. മൂന്നുപേർ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്ന് പരാതി. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ ബന്ധപ്പെട്ടാൽ പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. വർക്കിങ് പ്രസിഡന്റുമാരും അതൃപ്തിയിലാണ്.

പുനഃസംഘടനയെപ്പറ്റി അറിയില്ലെന്ന നിലപാടിലാണ് അവരും. എന്നാൽ പട്ടിക പുറത്തുവരുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നെന്നാണ് ഗ്രൂപ്പുകളുടെ പരാതി.