നീന്തല്‍ അറിയാത്ത സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ്‌ മുങ്ങി മരിച്ചു

കറുകച്ചാല്‍: കുളത്തില്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ്‌ മുങ്ങി മരിച്ചു. കറുകച്ചാല്‍ പച്ചിലമാക്കില്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ്‌(19) ആണു മരിച്ചത്‌.

ഇന്നലെ വൈകിട്ട്‌ 4.30 നു മഴുവനാടി ഭാഗത്താണു സംഭവം. അരവിന്ദും ഒന്‍പതു സുഹൃത്തുക്കളും ഇവരുടെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള പച്ചിലമാക്കിലുള്ള കുളത്തില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണു സംഭവം. നീന്തല്‍ അറിയാത്ത സുഹൃത്ത്‌ അപകടത്തില്‍പ്പെടുകയായിരുന്നു. അയാളെ രക്ഷിച്ചെങ്കിലും അരവിന്ദ്‌ കുളത്തില്‍ അകപ്പെടുകയായിരുന്നു.

പാമ്പാടി അഗ്‌നിശമനസേന ഉദ്യോഗസ്‌ഥരെത്തി കുളത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും വൈകിട്ട്‌ 5.30 നാണ്‌ അരവിന്ദനെ കരയ്‌ക്കെത്തിച്ചത്‌. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 അടി നീളവും 20 അടി വീതിയും 12 അടി താഴ്‌ച്ചയുമുള്ള കുളത്തില്‍ ചേറും വെള്ളവും നിറഞ്ഞ നിലയിലായിരുന്നു.

കറുകച്ചാല്‍ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു. മാവേലിക്കരയില്‍ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്‌ പഠിക്കുകയാണു അരവിന്ദ്‌.
പൂജയുടെ അവധിയ്‌ക്കു വീട്ടില്‍ എത്തിയതാണ്‌. ഇന്നു മടങ്ങാനിരിക്കെയാണു മരണം സംഭവിച്ചത്‌. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്‌: വിജയകുമാരി (ചെങ്ങരൂര്‍ നാലായിരം പറമ്പില്‍). സഹോദരി: അര്‍ച്ചന. സംസ്‌കാരം പിന്നീട്‌.