ശക്തമായ മഴ, തിരുവനന്തപുരം മുതൽ കോഴിക്കാേട് വരെ ജാഗ്രതാ നിർദ്ദേശം, കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളുടെ മലയാേരമേഖലയിൽ മഴ ശക്തമാവുന്നു എന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്. ശക്തമായ മഴയിൽ തിരുവമ്പാടി ടൗണിൽ വെള്ളംകയറിയിട്ടുണ്ട്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കാേട് വരെ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നുണ്ട്.
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. തീവ്ര മഴ പ്രളയത്തിന് കാരണമായേക്കുമെന്ന് ഭയന്ന് ശക്തമായ മുന്നൊരുക്കങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു.ഇടുക്കി ഡാമിലേതുൾപ്പടെ നിരവധി ഡാമുകളിൽനിന്ന് വെള്ളം നിയന്ത്രിത അളവിൽ തുറന്നുവിട്ടിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിരുന്നു. ആവശ്യമെങ്കിൽ നിയോഗിക്കാൻ മത്സ്യത്തൊഴിലാളികളെയും സർക്കാർ തയ്യാറാക്കി നിറുത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തുകയായിരുന്നു. ഇന്ന് ഒരു ജില്ലയിലും തീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പുതുക്കിയ മുന്നറിയിപ്പിൽ അറിയിച്ചത്. നാളെ പത്തനംതിട്ട, കാേട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.