പി വി അൻവറിന്റെ തടയണകൾ പഞ്ചായത്ത് പൊളിച്ചുമാറ്റും
മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. ജില്ലാ കളക്ടർ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് നടപടികളിലേക്ക് കടന്നത്.

നേരത്തെ തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അധികൃതർ ടെൻഡർ നടപടികളിലേക്ക് കടന്നത്. 60,000 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രദേശത്ത് ജലദൗർലഭ്യം ഇല്ലാതായത് തടയണ നിർമിച്ചതോടെയാണെന്നാണ് നാട്ടുകാർ പറയുന്നത്.ഇവ ജലസംഭരണികളായി നിലനിർത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കളക്ടറെ സമീപിച്ചിരുന്നു.

എന്നാൽ നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തടയണകൾ എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു.