മണി ചെയിന്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. അമ്മാടം ചിറയത്ത് സി.ജെ. ജോബി (43), പുല്ലഴി ചേറ്റുപുഴ കോത്ത്കുണ്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരില്‍നിന്ന് ഒരുകോടിയോളം രൂപയാണിവര്‍ തട്ടിയെടുത്തത്.

ശക്തന്‍ സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ എസ്.ജെ. അസോസിയേറ്റ്സ് എന്ന പേരില്‍ നടത്തുന്ന സ്ഥാപനം വഴിയാണിവര്‍ ട്രേഡിങ്ങിലേക്ക് പണം സ്വരൂപിച്ചിരുന്നത്. പണം നല്‍കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകൊടുക്കും. യൂസര്‍ ഐ.ഡി.യും പാസ്വേഡും നല്‍കും. ഇതുപയോഗിച്ച് കയറിയാല്‍ നല്‍കിയ പണത്തിന് തുല്യമായ ഡോളര്‍ വാലറ്റില്‍ നിക്ഷേപിച്ചതായി കാണിക്കും. പിന്നീട് ഓരോ ദിവസവും ഈ ഡോളര്‍ ഇരട്ടിയായി വര്‍ധിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. മണിചെയിന്‍ ഇടപാടില്‍ വേറെയും ആളുകളെ ചേര്‍ക്കുമ്പോള്‍ കമ്മിഷന്‍ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍, നിക്ഷേപകന്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയാതെവരും. ഇതിനെക്കുറിച്ച് അന്വേഷിച്ചവരോട് ഈ ഡോളര്‍ ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റിയാല്‍ മാത്രമേ പണം എടുക്കാനാകൂവെന്ന് വിശ്വസിപ്പിക്കും. ഇതിനു കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും അറിയിക്കും. കൂടുതല്‍പേരെ ചേര്‍ക്കുമ്പോള്‍ പണം കമ്മിഷനായി വാങ്ങാമെന്നും ഇങ്ങനെ കമ്മിഷന്‍ പറ്റുന്ന തുക വാലറ്റിലെ ഡോളറില്‍നിന്ന് കുറയ്ക്കുമെന്നും അറിയിക്കും. നിക്ഷേപകര്‍ ശക്തനിലെ ഓഫീസിലെത്തിയതോടെ സ്ഥാപനം പൂട്ടി കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കോയമ്പത്തൂരിലെ ലോഡ്ജിന് മുമ്പില്‍നിന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരും ദമ്പതിമാരുമാണെന്ന വ്യാജേനെയാണിവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. കോയമ്പത്തൂരില്‍വെച്ചും ഇവര്‍ മണിചെയിനുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടത്തി.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടോള്‍ ഡീല്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ വടക്കാഞ്ചേരി സ്വദേശി രാജേഷ് മലാക്ക, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പ്രധാനപ്രതികള്‍. ഒന്നരവര്‍ഷമായി വിദേശത്തുള്ള മുഹമ്മദ് ഫൈസല്‍ ഫോണ്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ. ടി.ജി. ദിലീപിന്റെ നിര്‍ദേശാനുസരണം എസ്.ഐ. കെ.സി. ബൈജു, എ.എസ്.ഐ. രാംകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെറിറ്റ് ഡേവിഡ്, കെ.എല്‍. സിന്റി, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാന്ത്, ഇ.എസ്. പ്രശാന്ത്, ബി.കെ. രതീഷ്‌കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.