വഴിക്കടവ് വനത്തിൽ പിടിയാന ചരിഞ്ഞനിലയിൽ
എടക്കര : വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളക്കട്ട, അട്ടി, ചട്ടിപ്പാറ കോളനിക്കു സമീപമുള്ള വനത്തിലാണ് 20 വയസ്സ് തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കോളനിയിലെ താമസക്കാരാണ് കാട്ടാന ചരിഞ്ഞ വിവരം വനപാലകരെ അറിയിച്ചത്.

ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ, വഴിക്കടവ് റെയ്ഞ്ച് ഓഫീസർ ബോബി കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.എഫ്. ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. കോഴിക്കോട് വനം വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യന്റെ നേതൃത്വത്തിൽ വൈകീട്ട് ജഡം പോസ്റ്റുമോർട്ടം നടത്തി. ദഹനക്കേടാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ശരീരം നന്നായി ക്ഷീണിച്ച ആന, കുറേദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാതെ കണ്ടതായി ഡോക്ടർ പറഞ്ഞു. ഫോറസ്റ്റർമാരായ ശിവദാസൻ കിഴക്കേപ്പാട്ട്, ശ്രീലാൽ, പി. മനോജ്, ബി.എഫ്.ഒ.മാരായ സലീഷ്, സന്തോഷ്, ശ്രീനാഥ്, വാച്ചർ റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജഡം വനത്തിൽ കുഴിച്ചിട്ടു.