സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്. 20 മുതല്‍ സിഎസ്ബി ബാങ്കില്‍ പണിമുടക്ക് നടന്നുവരികയാണ്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാവുന്നതോടെ സംസ്ഥാനത്തെ ബാങ്കിങ് രംഗം ഇന്ന് പൂര്‍ണമായും സ്തംഭിക്കും.
റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താല്‍ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ജീവനക്കാര്‍ സമരം നടത്തിവരുന്നത്. ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
തൊഴിലാളികളുടെ പെന്‍ഷന്‍ നിഷേധിക്കുന്നതിനു കള്ളക്കേസുകള്‍ കൊടുക്കുകയും നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കുകയും ചെയ്‌തെന്നാണ് ആരോപണം. ചെറുകിടക്കാര്‍ക്ക് വായ്പ നല്‍കാതെ ഫെയര്‍ഫാക്‌സ് ഹോള്‍ഡിങ്‌സിന്റെ ഉപസ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇന്നത്തെ പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടര്‍ന്ന് ഞായറാഴ്ചയും വരുന്നതോടെ മൂന്നുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാവും.