വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; തിരൂരങ്ങാടി സ്വദേശിയായ ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ

ചേലക്കര : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂരങ്ങാടി സ്വദേശി മമ്പുറം തോട്ടിങ്ങൽ മുഹമ്മദാ (കുഞ്ഞൂട്ടി-60) ണ് അറസ്റ്റിലായത്. ചേലക്കര രാജ്പ്രഭ ആർക്കേഡിൽ റഹനാസ് എന്ന സ്ഥാപനം മുഖേനയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.ചേലക്കരയിൽ 2019 മുതൽ മുഹമ്മദ്, റഹനാസ് എന്നപേരിൽ സ്ഥാപനം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ഖത്തർ മിലിട്ടറി സർവീസിലേക്ക് നിയമനം നടത്തുന്നുവെന്ന് കാണിച്ചാണ് ആളുകളിൽ നിന്ന് ഇയാൾ പണം തട്ടിയിട്ടുള്ളത്. ഒമ്പത് ഫോണുകളിലായി നൂറുകണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് യുവാക്കളെ ആകർഷിക്കുന്നത്. തട്ടിപ്പിൽ നാനൂറോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ 65 പേർ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടുണ്ട്.

എരുമേലി മുണ്ടക്കയം സ്വദേശി ഷംനാദ് ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഒരാഴ്ചയായി റഹനാസ് എന്ന സ്ഥാപനം പൂട്ടി മുഹമ്മദ് ഒളിവിൽ പോയിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ ഷൊർണൂർ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇനിയും പരാതിക്കാർ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ചേലക്കര എസ്.എച്ച്.ഒ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ. ആനന്ദ്, സി.പി.ഒ. വിജയൻ, സിദ്ദിഖ്, ഹോംഗാർഡ് ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.