കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കൽപ്പറ്റ: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകൾ ശിവപാർവണയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്.

മീനങ്ങാടി പുഴങ്കുനി ചേവായിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ശിവപാർവണ. ഇന്നലെ രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്. കളിക്കുന്നതിനിടെ സമീപത്തെ പുഴയിൽ വീണതാണെന്നാണ് കരുതുന്നത്.

പുഴയോരത്ത് കുട്ടിയുടെ കാൽപാട് കണ്ടതോടെയാണ് പുഴയിൽ വീണതാകാമെന്ന സംശയമുണ്ടായത്.കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയും തുർക്കി ജീവൻ രക്ഷാസമിതിയും നാട്ടുകാരും ചേർന്ന് ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.