ഫോണ്‍പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോ സര്‍വീസ് ചാര്‍ജ്


ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പാണ് ഫോണ്‍പേ. ഫോണ്‍ പേ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് അതിന്‍റെ ഉപയോക്താക്കള്‍ എന്ന് പറയാം. ഇനി മുതൽ മൊബൈൽ റീചാർജിന്  ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് ഉപഭോക്താവിൽ നിന്ന് ഒരു രൂപ മുതൽ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ് ഈടാക്കാനാണ് തീരുമാനം. യുപിഎ ആപ്പുകള്‍ ഇതുവരെ രാജ്യത്ത് നടപ്പിലാക്കിയ ബിസിനസ് മോഡല്‍ മാറ്റുവാന്‍ പോവുകയാണ് എന്നതിന്‍റെ കൃത്യമായ സൂചനയാണ് പുതിയ വാര്‍ത്ത. 

യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. ഇതിന് പിന്നാലെ ഗൂഗിള്‍ പേ അടക്കം മറ്റ് യുപിഐ ആപ്പുകള്‍ ഈ പാത പിന്തുടരും എന്നതില്‍ സംശയം വേണ്ട. 50 നും 100 നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് ഫോണ്‍പേ ഈടാക്കുന്നത്. ഇപ്പോള്‍ മൊബൈല്‍ റീചാര്‍ജ് ആണെങ്കില്‍ വൈകാതെ മറ്റ് ആവശ്യങ്ങള്‍ക്കും ഇത്തരം ചാര്‍ജുകള്‍‍ നിലവില്‍ വരും. 

സോഷ്യല്‍ മീഡിയ വലിയതോതിലാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കമ്മീഷന് മുകളില്‍ കമ്മീഷന്‍ വാങ്ങുകയാണ് ഫോണ്‍പേ ചെയ്യുന്നത് എന്നാണ് ചിലര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ. സെപ്തംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺ പേ പ്ലാറ്റ്ഫോം വഴി നടന്നത്. 40 ശതമാനം മാർക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് ഒരു ‘എക്സിപിരിമെന്‍റ് പ്രാക്ടീസ്’ ആണെന്നാണ് ഫോണ്‍പേ നല്‍കുന്ന വിശദീകരണം. തങ്ങൾ ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേമെന്റുകൾക്ക് ഇപ്പോൾ തന്നെ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.