വഴിയോരങ്ങളിൽ പാട്ടു പാടി ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ
മലപ്പുറം/മണ്ണാർക്കാട്: ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ. മലപ്പുറം സ്വദേശിയുടെ പേരിൽ പാലക്കാട് എടത്തനാട്ടുകരയിൽ പിരിവു നടത്തിയവരാണ് പോലീസ് പിടിയിലായത്.
വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലപ്പുറം കരുവാരകുണ്ട് സ്വദേശി സൈതലവിക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ച് പണം സമാഹരിച്ചിരുന്നു. ആവശ്യമായ തുക കിട്ടിയതിനാൽ ചികിത്സ സഹായ കമ്മറ്റി പിരിച്ചു വിട്ടു.

എന്നാൽ സൈതലവി ചികിത്സ സഹായ സമിതിയുടെ പേരിൽ ഒരു സംഘം നാടുനീളെ വഴിയോരങ്ങളിൽ പാട്ടു പാടി പിരിവ് തുടർന്നു. എടത്തനാട്ടുകരയിൽ എത്തിയ സംഘത്തെ കണ്ടു സംശയം തോന്നിയ നാട്ടുകാർ രോഗിയായ സൈതലവിയുടെ ഫോണിൽ വിളിച്ചപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്.
കരുവാരകുണ്ട് സ്വദേശികളായ ശിവദാസൻ, സുബ്രഹ്മണ്യൻ, സകീർ, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം പണപിരിവിനായി ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.