മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു.

ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു.

പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസിം, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷംസുദ്ധീന്‍, ഹമീദ് എന്നിവര്‍ പങ്കെടുത്തു.