നഴ്സായ യുവതിയുടെ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻ

പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) നെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീർ (നെയ്‌മോൻ -39) നെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ്‌ കുമാർ അറസ്റ്റുചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ടിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ ടിജിൻ ജോസഫിനൊപ്പം താമസിക്കുകയായിരുന്നു. തടിക്കച്ചവടക്കാരനും അയൽവാസിയുമായ നസീർ ടിജിന്റെ പിതാവിന്റെ പരിചയക്കാരനാണ്.

സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടിൽ. ഈ സമയം എത്തിയ നസീർ കിടപ്പുമുറിയിൽ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടർന്ന് ക്രൂരമായി പീഡിപ്പിച്ചശേഷം മൃതദേഹം മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെട്ടിത്തൂക്കി നസീർ കടന്നു.


ടിജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് പെരുമ്പെട്ടി എസ്.ഐ ആയിരുന്ന ഷെരീഫ് കുമാറാണ് കേസ് അന്വേഷിച്ചത്. തൂങ്ങിമരണം എന്ന നിലയ്ക്കായിരുന്നു ലോക്കൽ പൊലീസിന്റെ അന്വേഷണം. ദൂരൂഹത ആരോപിച്ച് പരാതികൾ ഉയർന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയും നിലവിൽ തിരുവനന്തപുരം കൺട്രോൾ റൂം എ.സി.പിയുമായ ആർ. പ്രതാപൻ നായർ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്.

2019 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം.

പുഷ്പഗിരിയിൽ നഴ്സായ യുവതി കാമുകന്റെ വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് ലോക്കൽ പൊലീസ് കണ്ണുമടച്ച് വിധിയെഴുതിയപ്പോൾ അതൊരു കൊലപാതകമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് ജില്ലാ സ്പെഷൽ ബ്രാഞ്ച് ആയിരുന്നു. അന്ന് ഡിവൈ.എസ്‌പിയായിരുന്ന ആർ. ജോസ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് എസ്‌പിയായിരുന്ന കെജി സൈമണിന് കൈമാറി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലോക്കൽ പൊലീസ് കാണാതായ പോയ തെളിവുകൾ അക്കമിട്ട് നിരത്തി ഇതൊരു കൊലപാതകം തന്നെയെന്ന് സമർഥിക്കുന്നതായിരുന്നു ജോസിന്റെ റിപ്പോർട്ട്.

കൊല നടത്തിയത് ആരുമാകാം ഒന്നുകിൽ കാമുകൻ അല്ലെങ്കിൽ മറ്റാരെങ്കിലും. റിപ്പോർട്ടിലെ വസ്തുത മനസിലാക്കിയ എസ്‌പി കെജി സൈമൺ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അതോടെ രണ്ടു വർഷത്തിന് ശേഷം യഥാർഥ കൊലപാതകി പിടിയിലായി. കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീർ (39) അറസ്റ്റിലാകാൻ കാരണമായത് ക്രൈംബ്രാഞ്ചിലെ രണ്ടു ഡിവൈഎസ്‌പിമാരുടെ മികവ് കൊണ്ടായിരുന്നു.

കേസ് ആദ്യം കൈമാറിയത് ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന സുധാകരൻ പിള്ളയ്ക്കായിരുന്നു. ഒരു തവണ സംഭവം നടന്ന വീട്ടിലെത്തി മടങ്ങിയ അദ്ദേഹം ലോക്കൽ പൊലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ അന്വേഷണം വഴിമുട്ടി. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾ ഇടയ്ക്കിടെ വിളിക്കാൻ തുടങ്ങിയതോടെ ഡിവൈഎസ്‌പി പൊട്ടിത്തെറിച്ചു. ഫോറൻസിക് റിപ്പോർട്ട് വന്നിട്ട് നോക്കാം. നിങ്ങൾ ഇടയ്ക്കിടെ വിളിച്ചു ശല്യം ചെയ്യേണ്ടതില്ല എന്നായിരുന്നു ഡിവൈഎസ്‌പിയുടെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തോടെ സുധാകരൻ പിള്ള മാറി. പകരം വന്നത് ആർ. പ്രതാപൻ നായരായിരുന്നു. കുറ്റാന്വേഷണ മികവിന് അനേകം റിവാർഡുകൾ നേടിയിട്ടുള്ള പ്രതാപൻ നായർ ഈ കേസ് വിശദമായി പഠിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇരുത്തി വായിച്ച ശേഷം അദ്ദേഹം ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചു. പക്ഷേ, കൊന്നതാര്? സംശയിക്കപ്പെടുന്ന കാമുകന്റെ ഡിഎൻഎ മൃതദേഹത്തിൽ നിന്ന് കിട്ടിയതുമായി യോജിക്കുന്നില്ല. മൃതദേഹത്തിന്റെ കഴുത്തിലെ കുരുക്കിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. ഇതൊരിക്കലും ആത്മഹത്യ ചെയ്യാൻ പോകുന്നയാൾ ഉണ്ടാക്കുന്ന കുടുക്കല്ല. ഒരിക്കലും അഴിയാത്ത വിധമുള്ള ഊരാക്കുടുക്ക്. ലോറികളിൽ തടി അടുക്കി കെട്ടുമ്പോൾ മരം വെട്ടുകാർ ഇടുന്ന തരത്തിലുള്ള കുടുക്കായിരുന്നു അത്.

മരക്കച്ചവടക്കാരനായ നസീർ സംഭവ ദിവസം പരിസരത്തുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ അയാളെ ആദ്യം മുതൽ പ്രതാപൻ നായർ സംശയിച്ചു തുടങ്ങി. അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതാപൻ നായർക്ക് മാറ്റമായി. പകരം വന്ന ജോഫി ഇതേ വേഗത്തിൽ തന്നെ അന്വേഷണം തുടർന്നു. ഇതിനിടെ ഡിഎൻഎ പരിശോധനാ ഫലം വന്നു. കൊല്ലപ്പെട്ട യുവതിയുടെ നഖത്തിന് അടിയിലുണ്ടായിരുന്ന ഡിഎൻഎയും നസീറിന്റെ സാമ്പിളും മാച്ച് ആയി. പിന്നെ എല്ലാം ചടങ്ങ്. വിശദമായ ചോദ്യം ചെയ്യലിൽ നസീർ കൊന്ന രീതിയും വിവരിച്ചു.

പ്രകൃതി വിരുദ്ധ പീഡനം നസീറിന് ഹരമായിരുന്നു. ആ രീതികളെല്ലാം അയാൾ യുവതിയിൽ പരീക്ഷിച്ചു. ശരീരത്തിൽ 53 ഉം ജനനേന്ദ്രിയത്തിൽ ആറും മുറിവുകൾ ഉണ്ടായത് അങ്ങനെയാണ്. പ്രകൃതി വിരുദ്ധ പീഡനത്തിൽ ഉണ്ടായ മുറിവുകൾ വേറെയുമുണ്ടായിരുന്നു. ക്രൂരമായ പീഡനം നടത്തിയ ശേഷം ജീവനോടെയാണ് ഇയാൾ യുവതിയെ കെട്ടിത്തൂക്കിയത്. ഇതാണ് ആത്മഹത്യയുടെ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടാകാൻ കാരണമായത്.

നസീർ നാട്ടിൽ അറിയപ്പെടുന്ന ക്രിമിനലാണ്. മണ്ണു കടത്തായിരുന്നു നേരത്തേ തൊഴിൽ. പിന്നീട് തടിക്കച്ചവടമായി. ഇയാൾക്കെതിരേ നേരത്തേയും കേസുകൾ ഉണ്ടായിരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ലോക്കൽ പൊലീസ് വിധി എഴുതിയതോടെ രക്ഷപ്പെട്ടെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു. ഓർക്കാപ്പുറത്താണ് പിടിവീണത്.