പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് വീഡിയോ നോക്കി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു.


മലപ്പുറം: പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കലാണ് ഞെട്ടിക്കുന്ന സംഭവം. യൂ ട്യൂബിൽ നോക്കി പ്രസവമെടുക്കുന്നതിനക്കുറിച്ച് പഠിച്ചതിനുശേഷമാണ് പെൺകുട്ടി സ്വയം പ്രവസമെടുത്തത്. പൊക്കിൾക്കൊടിയും പെൺകുട്ടി സ്വയം മുറിക്കുകയായിരുന്നു.

യുവതി ഗർഭിണായിയിരുന്നു എന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രസവിച്ച ശേഷം മൂന്നുദിവസം കഴിഞ്ഞാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽകോളേജിൽ കഴിയുന്ന പെൺകുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അയൽവാസിയായ ഇരുപത്തൊന്നുകാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. താൻ ഗർഭിണിയാണെന്ന വിവരം പ്രസവിക്കുന്നതുവരെ പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. പെൺകുട്ടിയുടെ മാതാവിന് കാഴ്ചക്കുറവുണ്ട്. പിതാവ് സെക്യൂരിറ്റിയായി ജോലിനോക്കുകയാണ്.

ഇതിനിടെയാണ് പീഡനം നടന്നത്. പീഡിപ്പിച്ച അയൽവാസിയെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം പെൺകുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ പ്രണയം നടിച്ചു പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം ചൂഷണം ചെയ്താണ് പ്രതി പീഡനത്തിനിരയാക്കിയതെന്നും അധികൃതർ പറയുന്നു.

ഒക്ടോബർ 20-നാണ് വീട്ടിലെ മുറിക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. അതേസമയം ഗർഭകാലത്ത് രണ്ട് സ്വകാര്യ ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയതായും വിവരമുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല.

ഒരുപക്ഷേ, യഥാർഥ പ്രായം മറച്ചുവച്ചായിരിക്കാം ഇവിടങ്ങളിൽ ചികിത്സ തേടിയത്. സംഭവത്തിൽ ആശുപത്രികളിൽനിന്ന് വിശദീകരണം ചോദിക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിച്ചു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെൺകുട്ടിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്