വാഹന പരിശോധനയുടെ പേരിൽ പോലീസ് ഭയപ്പെടുത്തി പിഴ അടപ്പിക്കുന്നു: കോൺഗ്രസ്
പൊന്നാനി: വാഹന പരിശോധനയുടെ പേരിൽ ഭയപ്പെടുത്തി പിഴ അടപ്പിക്കുന്ന പൊന്നാനി പോലീസിൻ്റെ പ്രവർത്തനരീതി അവസാനിപ്പിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യാത്രക്കാർക്ക് കാണുവാൻ സാധിക്കാത്ത വിധം പോലീസ് വാഹനം മറവിൽ നിർത്തിയിടുകയും, പോലീസുകാർ ഇടവഴികളിലും, നിർത്തിയിട്ട വാഹനങ്ങളുടെ മറവിലും ഒളിഞ്ഞിരുന്നാണ് പരിശോധന നടത്തുന്നത്.

എസ് ഐ റാങ്കിൽ താഴെയുള്ള പോലീസുകാർ ഇരുചക്ര യാത്രക്കാരുടെ മുന്നിലേക്ക് വന്ന് വാഹനം നിർത്തിക്കുകയും, വാഹനങ്ങളുടെ താക്കോൽ എടുത്തതിനുശേഷം യാത്രക്കാരെ കൊണ്ടു തന്നെ വാഹനം പോലീസ് ജീപ്പിനു അടുത്തേക്ക് തള്ളി കൊണ്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തിരക്കുള്ള ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ സ്ഥലത്തും പരിശോധന നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുവാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. കെ ശിവരാമൻ, എ പവിത്ര കുമാർ, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക്, എം രാമനാഥൻ,അഡ്വ സൂജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.