കനത്തമഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; ഓട്ടോറിക്ഷ ഒലിച്ചുപോയി; വീടുകൾക്കും വ്യാപകനാശം

കോട്ടയം: ഉരുൾപൊട്ടലിന് പിന്നാലെ കോട്ടയം ജില്ലയിൽ എരുമേലി ഉൾപ്പടെ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു.ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ്.എരുമേലി പഞ്ചായത്തിലെ 12ാം വാർഡായ ഏഞ്ചൽ വാലി ജംക്ഷൻ, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല.എൻഡിആർഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി. പല വീടുകളുടെയും സംരക്ഷണഭിത്തി തകർന്നിട്ടുണ്ട്. റോഡുകൾ കല്ലുകൾ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. നിരവധി വാഹനങ്ങൾക്ക് കേടുപാടു പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോറിക്ഷ ഒലിച്ച് പോയതായും ജനപ്രതിനിധികൾ അറിയിച്ചു.

ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകുന്നേരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കനത്തമഴ കണക്കിലെടുത്ത് ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അറബികടലിൽ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടു.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യുന മർദ്ദം അടുത്ത 48 മണിക്കൂർ കൂടി പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബികടലിൽ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

വ്യാഴാഴാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് മുപ്പത്തിയൊന്നാം തീയതി വരെ മഴ തുടരും. ശനിയാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതല് ഞായറാഴ്ച വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാൻ സാധ്യതയെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ സമാനമായ സഞ്ചാരപാതയാണ് നിലവിൽ കാണിക്കുന്നത്. നവംബർ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു അറബിക്കടലിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഓറഞ്ച് അലർട്ടാണെങ്കിലും അതീവ ജാഗ്രതയ്ക്ക് കളക്ടർമാർക്ക് നിർദ്ദേശം നൽകി. 12 ദേശീയ ദുരന്ത നിവാരണ സംഘങ്ങൾ സജ്ജമാണ്. എല്ലാ മുന്നൊരുക്കങ്ങൾക്കും നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ അതീവ ജാഗ്രത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ആറ് മണിക്ക് തന്നെ അനൗൺസ്‌മെന്റുകൾ നൽകും . അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു